ഹഗിയ സോഫിയ കാലം കാത്തു വെച്ച കാവ്യ നീതിയോ 🇹🇷
മറ്റുമതങ്ങളുടെ ആരാധനാലയങ്ങൾ പള്ളിയിക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല. തുർക്കികൾ തീരെ ചെയ്യുമായിരുന്നില്ല. അതിപുരാതനമായ നൂറുകണക്കിന് ക്രിസ്ത്യൻ ദേവാലയങ്ങൾ തുർക്കിയിൽ ഇന്നുമുണ്ട്. ക്രിസ്തുമതത്തിന് മുമ്പുള്ള ഗ്രീക്ക്/പേഗൻ കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങൾ വരെ അതിൻ്റെ തനതായ പ്രൗഡിയിൽ കാണാം. ജേതാവായിട്ടും തനിക്കെതിരെ വിശുദ്ധ യുദ്ധത്തിന് പ്രേരിപ്പിച്ച പാത്രിയാർക്കിസ് ബാവക്ക് ആദരവ് നൽകിയതും സമ്പൂർണ്ണ മതസ്വാതന്ത്യം അനുവദിച്ചതും, അന്ന് യൂറോപ്യർ അപശകുനമായി കരുതി ആട്ടിയിറക്കിയ ജൂതന്മാരെ വരെ സ്വീകരിച്ച് മാന്യമായ ജീവിതസാഹചര്യങ്ങൾ നൽകി സംരക്ഷിച്ച സുൽത്താൻ മെഹ്മെദ് മതഭ്രാന്ത് കാണിക്കാൻ ഒട്ടും സാധ്യതയില്ല. ഒരു ഇരുപത്തൊന്ന് വയസുകാരൻ്റെ രക്തത്തിളപ്പുമല്ല.
സുൽത്താൻ മെഹ്മെദ് പള്ളിയായി പരിവർത്തിപ്പിച്ച ഏക ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹഗിയ സോഫിയ. അതിന് പക്ഷേ മതപരമായ കാരണങ്ങൾക്കപ്പുറം രാഷ്ട്രീയപരമായ കാരണങ്ങളാണുണ്ടായിരുന്നത്. ഹഗിയ സോഫിയ കേവലമൊരു പള്ളിയായിരുന്നില്ല, റോമാ സാമ്രാജ്യത്തിൻ്റെ ചിഹ്നം തന്നെയായിരുന്നു. റോമൻ ചക്രവർത്തിമാര് തങ്ങളുടെ മതപരവും രാഷ്ട്രീയവുമായ രാജശാസനകൾ പുറപ്പെടുവിച്ചിരുന്നത് ഹഗിയ സോഫിയയുടെ അങ്കണത്തിൽ നിന്നാണ്, എല്ലാ അധികാരത്തിൻ്റെയും കേന്ദ്രം. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിൻ്റെ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണ് ഹഗിയ സോഫിയ എന്നൊരു വിശ്വാസം യൂറോപ്പിലാകമാനം അതിനൊരു വിശുദ്ധപരിവേഷം ഉണ്ടാക്കിയിരുന്നു. അതിൻ്റെ സേവകരായ തങ്ങളെ ആർക്കും പരാജയപ്പെടുത്താനാവില്ലെന്നൊരു ധാരണ കോൺസ്റ്റാൻറിനോപ്പിളിലെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു.
തുർക്കിയുടെ വളർച്ചയും യൂറോപ്പിനുമേൽ ആധിപത്യവും നേടണമെങ്കിൽ മുസ്ലീങ്ങളുടെ ആത്മവിശ്വാസം ഉയർത്തണമെന്നറിയാമായിരുന്ന സുൽത്താൻ മെഹ്മെദ് ഹഗിയ സോഫിയയെ തൻ്റെ സ്വകാര്യ സ്വത്തായി വാങ്ങി. (ജസ്റ്റീനിയൻ്റെ കാലം മുതൽ ദേവാലയം റോമൻ ചക്രവർത്തിമാരുടെ രാജകീയ സ്വത്തായിരുന്നു). യൂറോപ്യൻ രാജാക്കന്മാരുടെ മേൽ വിജയം സ്ഥാപിക്കാനും ഇസ്ലാമിൻ്റെ ആധിപത്യം ഉയർത്തി നിർത്താനും മെഹ്മദിന് അത് അനിവാര്യമായിരുന്നു. മുസ്ലീങ്ങൾക്കുമേൽ എത്രയോ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കപ്പെട്ട അതിൻ്റെ അങ്കണത്തിൽ നിന്ന് ബാങ്ക് വിളികൾ ഉയരുന്നത് ഒരുതരം ഐഡിയോളജിക്കൽ വിജയമാണ്.
കോൺസ്റ്റാൻ്റിനോപ്പിൾ ഇസ്താംബൂളായി. തുർക്കീ സുൽത്താനേറ്റിൻ്റെ തലസ്ഥാനമായി. ക്രിസ്ത്യാനികൾക്ക് ഇസ്താംബൂളിൽ ഗോൾഡൻ ഹോണിലെ ഫെനയിറിൽ ഗംഭീര ദേവാലയം നിർമ്മിക്കാൻ അനുമതി കൊടുത്തു. ഇന്നും ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനം അതാണ്, പാത്രിയാർക്കിസ് ബാവയുടെ ഇടവക. ഹഗിയ സോഫിയ പള്ളിയായി, ഒട്ടോമൻ തുർക്കിയുടെ രാജകീയ മസ്ജിദായിമാറി. സുൽത്താൻ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കുന്നത് ഹഗിയ സോഫിയയിലായിരുന്നു. അതിൻ്റെ വാസ്തുശിൽപഭംഗി ഇസ്ലാമിക നിർമ്മാണരീതികളെ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഫെതിഹ് മസ്ജിദും സുലൈമാനിയ മസ്ജിദും പ്രസിദ്ധമായ ബ്ലൂ മോസ്കുമൊക്കെ ഹഗിയ സോഫിയയെ മാതൃകയാക്കിയതാണ്. ഷാർജയിലെ ഗ്രാൻ്റ് മസ്ജിദിൽ വരെ അതിൻ്റെ പ്രതിഭലനം കാണാം.
ഖിലാഫത്ത് കൈവന്നതോടെ തുർക്കിയുടെ തലസ്ഥാനം ഇസ്ലാമിൻ്റെയും കേന്ദ്രമായി. അതിൻ്റെ ഏറ്റവും പ്രൗഡിയുള്ള പള്ളി ഇസ്ലാമിൻ്റെയും ചിഹ്നങ്ങളിലൊന്നായി. മുസ്ലിങ്ങൾ അഞ്ച് നൂറ്റാണ്ടോളം അതിൽ നമസ്കരിച്ചു, ഇരുപതാം നൂറ്റാണ്ട് വരെ. തുർക്കിയുടെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞ കാലത്ത് ഇസ്താംബൂളിലും പ്രതിഭലനങ്ങളുണ്ടായി. സുൽത്താനേറ്റ് റിപബ്ലിക്കിന് വഴിമാറി, ഖിലാഫത്ത് നിരോധിക്കപ്പെട്ടു. തലസ്ഥാനം ഇസ്താംബൂളിൽ നിന്ന് അങ്കാറയിലേക്ക് മാറ്റി. ഭീകരമാം വിധം സെക്കുലർ വത്ക്കരിക്കപ്പെട്ട തുർക്കിയിൽ, എത്രത്തോളമെന്നാൽ, ഇസ്ലാമിനുവേണ്ടി പടപൊരുതിയ സുൽത്താൻമാർ നമസ്കരിച്ച ആ പള്ളിയിൽ അറബിഭാഷയിൽ ബാങ്കുവിളിച്ചതിൻ്റെ പേരിൽ മുഅദ്ദിനെ തൂക്കിലേറ്റുകവരെ ചെയ്തു.1929 മുതൽ ഹഗിയ സോഫിയയിൽ നമസ്കാരം നിരോധിക്കുകയും, 1935 ഒരു പ്രസിഡൻഷ്യൽ ഡിക്രിയിൽ കമൽ പാഷാ അത്താതുർക്ക് അതിനെ ഒരു മ്യൂസിയമാക്കുകയും ചെയ്തു.
1929 മുതൽ ഹഗിയ സോഫിയയിൽ നമസ്കാരം നിരോധിക്കുകയും, 1935 ഒരു പ്രസിഡൻഷ്യൽ ഡിക്രിയിൽ കമൽ പാഷാ അത്താതുർക്ക് അതിനെ ഒരു മ്യൂസിയമാക്കുകയുമായിരുന്നു. പ്രതിഷേധങ്ങളുണ്ടായെങ്കിലും തുർക്കികൾക്ക് അക്കാലത്ത് നേരിടേണ്ടി വന്ന മറ്റ് പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഹഗിയ സോഫിയയുടേത് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. പിന്നീടങ്ങോട്ട് പലയാവർത്തി പള്ളി മടക്കിത്തരണമെന്ന ആവശ്യങ്ങളുണ്ടായി. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. സമീപകാലത്ത് തുർക്കികൾക്കിടയിൽ ഇസ്ലാമികത ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ പള്ളി തിരികെ വേണമെന്ന മുറവിളി ഉയർന്നു. 2019 ൽ പ്രസിഡൻ്റ് ഉർദുഗാൻ അനുകൂല സൂചനകൾ നൽകി. ഒടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി അനുമതി നൽകിയതോടെ സ്റ്റേറ്റ് കൗൺസിൽ പള്ളിതുറക്കാൻ തീരുമാനിക്കുകയും പ്രസിഡൻ്റ് പിന്തുണയ്ക്കുകയും ചെയ്തു. 85 വർഷത്തിന് ശേഷം ബാങ്കുവിളിച്ച് ഔദ്യോഗികമായി പള്ളി തുറന്നു.
തുർക്കിയുടെ നീക്കത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയുമൊക്കെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. ഗ്രീസ് രൂക്ഷമായി പ്രതികരിക്കുന്നു. തുർക്കിഷ് രാഷ്ട്രീയത്തെയും അതിൻ്റെ മതേതര മുഖത്തെയും വലിയ രീതിയിൽ തന്നെ ഹഗിയ സോഫിയ സ്വാധീനിക്കുമെന്നത് തീർച്ചയാണ്. ഒപ്പം തുർക്കിയുടെ മേൽ കിഴക്കിലും പടിഞ്ഞാറിനുമുള്ള മനോഭാവവും.#Hagiya sophia malayalam